Ind disable

Ads 468x60px



2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

ഗുണ്ടല്‍പേട്ടിലേ ചെണ്ടുമല്ലിക്കടല്‍


രാവിലെ അഞ്ചുമണിക്ക്‌ അലാറം  അടിച്ചത്‌കേട്ട്‌ ഉറക്കത്തില്‍ നിന്നെണീറ്റപ്പോള്‍ ഭയങ്കര തണുപ്പ്‌ ചാറ്റല്‍മഴയും.കുറച്ച്‌കൂടി കഴിഞ്ഞ്‌ നീക്കാം .വീണ്ടും പുതപ്പിനുള്ളിലേക്ക്‌വലിഞ്ഞു.അഞ്ച്‌മിനിറ്റ്‌ കഴിഞ്ഞില്ല മൊബൈല്‍ അടിക്കുന്നു.ഫൈസലാണ്‌...എന്താണ്‌ പോണ്ടെ..നല്ല മഴയുമുണ്ട്‌.....മഴ മാറുമോന്ന്‌ നോക്കാം...ഓകെ....വീണ്ടും പുതപ്പിനുള്ളിലേക്ക്‌. ഇന്നെലെ അവനോട്‌ വീരവാദം മുഴക്കിയതാണ്‌ രാവിലെ അഞ്ചിന്‌ ഞാന്‍ നീച്ച്‌ട്ട്‌ അന്നെ വിളിക്കാന്ന്‌....കുറച്ച്‌ കഴിഞ്ഞ്‌ വീണ്ടും കോള്‍....മഴ നല്ലകുറവുണ്ട്‌ പോയാലോ.....ഹൊ..ഈ മഴയെന്തെ കുറഞ്ഞത്‌.. ഒരു നിമിഷം ഞാന്‍ ചിന്തിച്ചു..അവന്‍ യാത്രക്ക്‌ തയ്യാറെടുത്ത്‌കഴിഞ്ഞന്ന്‌ പറഞ്ഞു..പിന്നൊന്നും നോക്കീല വേഗം ഫ്രഷ്‌ ആയി യാത്ര പുറപ്പെട്ടു..യാത്ര തുടങ്ങിയപ്പോള്‍ പിന്നെ അവനേക്കാളേറേ ഞാനായിരുന്നു ത്രില്ലടിച്ചിരുന്നത്‌..




കോഴിക്കോടെത്തുമ്പോളേക്കും നേരം വെളുത്ത്‌ തുടങ്ങിയിരുന്നു..ഒരു കട്ടന്‍ചായ കുടിക്കാന്‍ നോക്കിയിട്ട്‌ ഒരൊറ്റ ഹോട്ടല്‍ പോലും കാണാനില്ല. അവസാനം ഞാന്‍ പറഞ്ഞു..ടാ..ഇന്നിവിടെ ഹര്‍ത്താലാ തോണ്ണ്‌ട്ടാ....എന്തായാലും പോയ്‌നോക്കാംന്ന്‌ തീരുമാനിച്ചു.അങ്ങനെ അടിവാരത്തെത്തി ഒരു ഹോട്ടല്‍ കണ്ടു ഞങ്ങള്‍ ചായകുടിക്കാന്‍ തീരുമാനിച്ചു..നല്ല പുട്ടും കടലക്കറിയും ച്ചൂടോടെ.....യാത്രയില്‍ രാവിലെ ചൂടുള്ള പുട്ട്‌ എന്റെ ഫേവറൈറ്റ്‌ ഐറ്റമണ്‌ കൂടെ പപ്പടവുംകൂടി ഉണ്ടെങ്കില്‍ പിന്നെ ഒരു കുറ്റി പുട്ട്‌ എനിക്ക്‌ മാത്രം.....



പ്രഭാത ശാപ്പാട്‌ കഴിഞ്ഞ്‌ ചുരം കയറാനോരുങ്ങുകയാണ്‌.വയനാട്‌ താമരശ്ശേരി ചുരം ഒരു പാട്‌തവണ യാത്രയില്‍ കണ്ടുട്ടുള്ളതാണ്‌.പക്ഷേ ഈ യാത്രയില്‍ ചുരം കാണാന്‍ ഒരു പ്രത്യേക രസം തന്നെയാട്ടാ. കാരണം എന്തെന്നാല്‍ മുമ്പെല്ലാം ചുരം കയറിയത്‌ കാറോടിച്ച്‌കൊണ്ടാണ്‌. പക്ഷേ ഇപ്പം പോണത്‌ ബൈക്കോടിച്ചാണ്‌ . ആതും ബൈക്കുകളുടെ രാജാവായ റോയല്‍ എന്‍ഫീല്‍ഡില്‍..ബുള്ളറ്റുകൊണ്ട്‌ ചുരത്തിലൂടെയുള്ള യാത്ര മനോഹരമാണ്‌..



താമരശ്ശേരി ചുരം കയറി നേരെ ചെമ്പ്ര പീക്ക്‌ കാണാന്‍.അവിടെ ചെന്നപ്പോള്‍ ട്രക്കിങ്ങാണ്‌ നടന്ന്‌പോണം കാട്ടിനുള്ളിലേക്ക്‌ രണ്ടര കിലോമീറ്റര്‍ നടന്ന്‌ മലകയറി ചെന്നാല്‍ മലമുകളില്‍ ലൗ ആകൃതിയില്‍ മനോഹരമായ തടാകമാണുള്ളത്‌. നടന്നുചെല്ലണം എന്ന്‌ പറഞ്ഞപ്പോള്‍ ഞങ്ങള്‍ വേണ്ടാന്ന്‌ വെച്ചു.നൂറ്റിച്ചില്ലാനം കിലോമീറ്റര്‍ ബുള്ളറ്റോടിച്ച്‌ വന്ന്‌ നടക്കാന്ന്‌വെച്ചാ..വണ്ടി തിരിച്ചു 45 കിലോമീറ്റര്‍ നേരെ മുത്തങ്ങ കാട്ടിനുള്ളിലേക്ക്‌..40 കിലോമീറ്ററോളം വിശാലമായ കാട്‌ മാത്രം. ഇടക്ക്‌ വണ്ടി നിറുത്തി കാടിന്റെ ഭംഗി ആസ്വദിച്ചു.


വയനാട്‌ മുത്തങ്ങ വനത്തിലൂടെയുള്ള മനോഹരമായ ബുള്ളറ്റ്‌ യാത്ര ഞങ്ങളെ എത്തിച്ചത്‌ ശരിക്കും ഒരു മഞ്ഞ കടലിലേക്കായിരുന്നു.ഈ കടലില്‍ വെള്ളത്തിനുപകരം സുഗന്ദം നല്‍കുന്ന ചെണ്ടുമല്ലി പൂക്കള്‍ മാത്രം.ആഹാഎവിടെ നോക്കിയാലും ഓറഞ്ച്‌ കളര്‍മാത്രം.വയനാടില്‍ന്നും മുത്തങ്ങ വഴി ഗുണ്ടല്‍ പേട്ടിലേക്ക്‌ പോകുന്ന വഴിയിലാണീ ചെണ്ടുമല്ലി കടല്‍. മുത്തങ്ങ വനമേഖല കഴിഞ്ഞാല്‍ പിന്നങ്ങോട്ട്‌ പത്ത്‌ കിലോമീറ്ററോളം ഗുണ്ടല്‍ പേട്ടിലേ പൂപാടങ്ങളും വിവിധ കാര്‍ഷിക വിളകളും മാത്രമാണുള്ളത്‌. ജൂണ്‍മാസം മുതലാണ്‌ കൃഷി തുടങ്ങുന്നത്‌. ജൂലൈ ആഗസ്റ്റ്‌ മാസങ്ങളിലാണ്‌ പൂക്കള്‍ വിരിയുന്നത്‌ ചെണ്ടുമല്ലിയെ കൂടാതെ പൂക്കളുടെ രാജാവായ സൂര്യകാന്തിയും ഇവിടെ കാണാം.ഞങ്ങള്‍ ജൂലൈ അവസാനത്തിലാണ്‌ പൂക്കള്‍ കാണാന്‍ പോയത്‌ അത്‌കൊണ്ട്‌ സൂര്യകാന്തിയെല്ലാം കൊഴിയാറായിരുന്നു.എന്നാലും ഇത്രയും ദൂരെ നിന്ന്‌ വന്നതല്ലെ എന്ന്‌ വിജാരിച്ചാവും ചിലതോട്ടങ്ങളില്‍ പൂക്കള്‍ ഞങ്ങളെയും കാത്ത്‌ കൊഴിയാതെ നിന്നിരുന്നു..പിന്നൊന്നും നോക്കീല ഉടനെ സെല്‍ഫീസ്റ്റിക്കെടുത്ത്‌ ആകാശത്തേക്ക്‌ നീട്ടിപിടിച്ച്‌ വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറും തിരിഞ്ഞ്‌നിന്ന്‌ ഒരു പത്തിരുപത്തഞ്ചെണ്ണങ്ങട്ട്‌ കാച്ചി..സെല്‍ഫിയെടുക്കാന്‍ ഇതിലും നല്ല ബാക്ക്‌ഗ്രൗണ്ട്‌ ഇനി എവിടെന്ന്‌ കിട്ടാന്‍.നാച്ച്വറല്‍ ഒറിജിനല്‍ കളര്‍ഫുള്‍.പവര്‍ഫുള്‍ഭയങ്കര പവര്‍ഫുള്‍...!!!! 






ഉച്ച ആയപ്പോഴേക്കും ഗുണ്ടല്‍പേട്ടിലെത്തി അവിടെത്തെ മദീന ഹോട്ടലില്‍ന്നും നെയ്‌ച്ചോറും കാടപൊരിച്ചതുംആഹാ..മറുനാട്ടില്‍ വന്ന്‌ ഇത്രയും ടേസ്റ്റുള്ള ഫുഡ്‌ കിട്ടാന്‍ കഴിഞ്ഞത്‌ ഭാഗ്യം തന്നെ എന്ന്‌ ഫൈസല്‍ പറഞ്ഞു.മദീന ഹോട്ടലില്‍ കാട മാത്രമല്ലട്ടോ മുമ്പോരിക്കല്‍ ഓഫീസില്‍ന്നും മുതുമല,മസിനഘുടി കാടുകള്‍ കണ്ട്‌ മൈസുരിലേക്ക്‌ പോകുമ്പോള്‍ അന്നത്തെ ബി.പി.ഒ സിദ്ധീക്‌ മാഷാണ്‌ മദീന ഹോട്ടല്‍ കാണിച്ച്‌ തന്നത്‌.അന്ന്‌ ഞങ്ങള്‍ മാനിറച്ചി കാട്ടുകോഴി കാട്ടു കാട മുതലായ വന്യ മൃഗങ്ങളുടെ ഇറച്ചി കഴിക്കാനിടയുണ്ടായി..അങ്ങനെ ഉച്ചയൂണും കഴിഞ്ഞ വീണ്ടും യാത്ര തുടങ്ങി. സൂര്യകാന്തി പൂപാടങ്ങളും ചെണ്ടുമല്ലി പൂത്തുനില്‍ക്കുന്ന ഗ്രാമങ്ങളും പിന്നിട്ടു മുതുമല ബന്ദീപൂര്‍ കാട്ടിലേക്ക്‌..



ഈ കാട്ടിലോന്നും വന്യമൃഗങ്ങളോന്നുമില്ലേ ഫുള്‍ മാനുകളും കുരങ്ങുകളും പന്നികളും മയിലുകളും മാത്രമുള്ളോ.എന്ന്‌ ചിന്തിച്ച്‌ പോകുമ്പോളതാ റോഡിന്‌ തൊട്ടരികിലായി ഭീമാകാരനായ ഒരു കാട്ട്‌ പോത്ത്‌ഹമ്പോ!!!!!കാട്ട്‌ പോത്തെന്ന്‌ പറഞ്ഞാല്‍ ഒരു ജമണ്ടന്‍ കാട്ട്‌പോത്ത്‌.പുള്ളിക്കാരന്‍ റോഡ്‌ മുറിച്ച്‌ കടക്കാന്‍ നില്‍ക്കുന്ന സമയത്തായിരുന്നു ഞങ്ങള്‍ ബുള്ളറ്റുമായി വരുന്നത്‌.എന്നാല്‍പിന്നെ ഇവന്‍മാര്‍ പോയിട്ട്‌ റോഡ്‌മുറിച്ച്‌ കടക്കാം എന്ന്‌ വെച്ചപ്പോളാതാ അവന്‍മാര്‍ ക്യാമറ എടുക്കുന്നു. പോകുന്നുണ്ടെങ്കില്‍ ഒന്ന്‌ പോ..പിള്ളേരെ എന്നുപറഞ്ഞ്‌ ഞങ്ങളെ അതൊന്ന്‌ നോക്കി.ഫൈസല്‍ വണ്ടി കുറച്ചൊന്ന്‌ മുന്നോട്ടെടുത്തു. അപ്പോ പുള്ളിക്കാരന്‍ റോഡ്‌മുറിച്ച്‌ കടന്നു.എന്തായാലും വേണ്ടില്ലാ പോകുന്ന പോക്കില്‍ ഞാന്‍ ക്യാമറയെടുത്ത്‌ രണ്ടമൂന്നെണ്ണം ചാമ്പി..ഇനിയൊരവസരം കിട്ടില്ലല്ലോ..


മുതുമല ബന്ദീപൂര്‍ കാടുകള്‍ കഴിഞ്ഞ്‌ ഗൂഡല്ലൂര്‍ വഴി ഞങ്ങള്‍ നാടുകാണി ചുരം ഇറങ്ങി നിലമ്പൂര്‍ വഴി തിരിച്ചത്തിയപ്പോളും യാത്രയുടെ ത്രില്ലിലായിരുന്നു ഞാന്‍താമരശ്ശേരിചുരം മുത്തങ്ങയിലെ കാടുകള്‍ ചെണ്ടുമല്ലിപാടങ്ങള്‍ സൂര്യകാന്തിപാടങ്ങള്‍ ബന്ദീപൂര്‍ മുതുമല കാടുകള്‍ നാടുകാണിചുരം തുടങ്ങിയ യാത്രയിലെ സുന്ദര നിമിഷങ്ങളുടെ ചിത്രങ്ങള്‍ മാത്രമായിരുന്നു മനസ്സ്‌നിറയെ...

യാത്രാ വിവരണം : ഷാനവാസ്‌ എന്‍.കെ, ഫോണ്‍:9037224261,9400086337 ,shnvs.nk@gmail.com , http://shanavasnk.blogspot.in

സഹയാത്രികന്‍ : ഫൈസല്‍ പാറപ്പുറം

യാത്രയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം