Ind disable

Ads 468x60px



2016 ഒക്‌ടോബർ 3, തിങ്കളാഴ്‌ച

കോഴിപ്പാറ വെള്ളച്ചാട്ടം കക്കാടംപൊയില്‍

കോഴിപ്പാറ വെള്ളച്ചാട്ടം കക്കാടംപൊയില്‍
ഗള്‍ഫില്‍ ജോലിചെയ്യുന്ന സുഹൃത്ത്‌ ഷെബീര്‍ വന്നാല്‍ എല്ലാ പ്രാവശ്യവും ഞങ്ങള്‍ യാത്രകള്‍ പോകറുണ്ട്‌.ഇപ്രാവശ്യവും ഞങ്ങള്‍ ഒരു യാത്രക്ക്‌ ഇറങ്ങിപുറപെട്ടു.വല്യ പ്ലാനിങ്ങൊന്നുമില്ലായിരുന്നു ഈ യാത്രക്ക്‌.ഇന്നെലെ തീരുമാനിച്ചതാണ്‌ നാളെ പോകാന്ന്‌ അങ്ങനെ രാവിലെ ഒമ്പതരക്ക്‌ കാറെടുത്തെറങ്ങിയതാണ്‌. 'അല്ലാ നമ്മളിപ്പോളെവ്‌ട്‌ക്കാ പോണ്‌.' യാത്രതുടങ്ങി കുറച്ച്‌ദൂരം കഴിഞപ്പോള്‍ കാറിന്റെ പിന്‍സീറ്റില്‍ന്നും ആബിദിന്റെ ചോദ്യം.നാളെ രാവിലെ യാത്രപോകണം എന്ന്‌മാത്രമേ അവനോട്‌ പറഞ്ഞിട്ടുണ്ടായിരുന്നുള്ളു. നമ്മക്കിപ്പോ നേരെ നിലമ്പൂരിലേക്ക്‌ വിടാം അവിടെന്നും കക്കാടംപൊയ്‌ല്‍ ഞാന്‍പറഞ്ഞു.'കക്കാടംപൊയ്‌ലൊ’ ‘അവടെന്താ' ഷെബീറിന്റെ ചോദ്യം 'അവടെണ്‌ കോഴിപ്പാറ വെള്ളച്ചാട്ടം' ഷെബീറിന്റെ ചോദ്യത്തിന്‌ ഞാന്‍ മറുപടി പറഞ്ഞു. 'അത്‌ നമ്മളിന്നാള്‌പോയതല്ലെ' വീണ്ടും കാറിന്റെ പിന്‍സീറ്റില്‍ന്ന്‌ ആബിദിന്റെ ചോദ്യം.ഒരു വര്‍ഷം മുമ്പ്‌ ഞങ്ങള്‍ നിലമ്പൂരിലേക്ക്‌ പോയിരുന്നു അന്ന്‌ കനേലിപ്ലോട്ട്‌,തേക്ക്‌ മ്യൂസിയം, നെടുങ്കയം,ആഡ്യന്‍പാറ വെള്ളച്ചാട്ടം മുതലായവയെല്ലാം കണ്ടതാണ്‌.കക്കാടംപൊയ്‌ലിലേക്ക്‌ അന്ന്‌പോകാന്‍ കഴിഞ്ഞില്ല. 'ആ എന്തായാലുംവേണ്ടില്ല നമ്മക്കൊരു ചായകുടിച്ചാലൊ' ആബിദിന്‌ തീറ്റതന്നെ പ്രധാനം ഇങ്ങള്‌ എവടെപ്പോയാലും വേണ്ടില്ല ഇനിക്ക്‌ ഫുഡിന്റെ കാര്യത്തിലൊരു വിട്ട്‌ വീഴ്‌ച്ചയുമില്ല.അതാണവന്റെ പോളിസി.കാറിന്റെ മുന്‍സീറ്റിലിരുന്ന്‌ ഞാന്‍ ഷെബീറിന്‌ ചായക്കട കാണിച്ച്‌ കൊടുക്കാന്‍തുടങ്ങിയിട്ട്‌ രണ്ട്‌മൂന്ന്‌കിലോമീറ്ററായി.പൈലറ്റ്‌ ഞങ്ങള്‍ പോകുന്ന ഫ്‌ളയ്‌റ്റ്‌ ലാന്റിങ്ങ്‌ചെയ്യാനൊരു സ്ഥലം നോക്കികൊണ്ടിരിക്കുകയാണ്‌.മാരുതി എ.സ്റ്റാറാണ്‌ ഞങ്ങളുടെ ഫ്‌ളയ്‌റ്റ്‌.ചായകുടിക്കന്‍ വണ്ടിപാര്‍ക്കിങ്ങ്‌ സൗകര്യമുള്ള സ്ഥലത്താണെങ്കില്‍ ചായക്കടക്ക്‌ മൊഞ്ചുണ്ടാകൂല.മൊഞ്ചുള്ളചായക്കടയിലാണെങ്കില്‍ പൈലറ്റിന്‌ വണ്ടിനിറുത്താന്‍കഴിയൂല.അവസാനം ഒരു ചായക്കടയില്‍ കയറിപ്പോള്‍ സമയം പന്ത്രണ്ടര ആയി ഇനിയിപ്പോ ചായേണോകുടിക്കണ്ടത്‌ ചോറാണൊതിന്നണ്ടതെന്ന്‌ ആകെ കണ്‍ഫ്യൂഷനായി. 'മൂന്ന്‌ ചായ…കടിക്കാനെന്താണുള്ളത്‌' ചോറ്‌ കുറച്ച്‌ കഴിഞ്ഞ്‌ തിന്നാന്ന്‌ തീരുമാനിച്ചു.അങ്ങനെ ചായയും കൂടെ നല്ല നാടന്‍ അരിനുറുക്കും കഴിച്ച്‌ വീണ്ടും വണ്ടി മുന്നോട്ട്‌കുതിച്ചു.

നിലമ്പൂരിലെത്തിയപ്പോള്‍ ഒരുമണികഴിഞ്ഞിരുന്നു.നേരേ കക്കാടംപോയ്‌ലേക്ക്‌ .നിലമ്പൂരില്‍ന്നും എകദേശം ഇരുപതഞ്ച്‌ കിലോമീറ്ററോളം ഉള്ളിലേക്ക്‌ പോയാല്‍ കക്കാടം പോയ്‌ലെത്താം .ആഡ്യന്‍പാറ വെള്ളച്ചാട്ടത്തിലേക്ക്‌ പോകുന്നവഴി കുറച്ച്‌ദൂരം കഴിഞ്ഞ്‌ തിരിഞ്ഞ്‌ പോകണം കോഴിപ്പാറവെള്ളച്ചാട്ടത്തിലേക്ക്‌.
മനോഹരമായ റബ്ബര്‍ത്തോട്ടത്തിന്‌ നടുവിലൂടെയാണ്‌ പോകുന്നത്‌.പ്രകൃതിയില്‍ പച്ചപന്തല്‍ വിരിച്ചപോലെ റബ്ബര്‍ മരങ്ങള്‍തിങ്ങിനിറഞവഴിയിലൂടെയുള്ള ആയാത്ര ശെരിക്കും മനോഹരമായിരുന്നു . കൂടുതല്‍ മുന്നോട്ട്‌ പോകുംതോറും ഞങ്ങള്‍പോകുന്ന റോഡ്‌ വളഞ്ഞപുളഞ്ഞ്‌ കുണ്ടും കുഴിയും കയറ്റവും ഇറക്കവും ഹെയര്‍പിന്‍വളവുകളും നിറഞതായിരുന്നു.ഒരുവശത്ത്‌ അഘാതമായ താഴ്‌ച്ചയും മറുവശത്ത്‌ മലഞ്ചെരിവും കണ്ട്‌കൊണ്ടുള്ള ആയാത്ര നല്ലരസമായിരുന്നു.ബൈക്കില്‍ ഓഫ്‌റോഡ്‌ റൈഡിന്‌ പോകുന്നസത്ഥലം പോലെ കുണ്ടും കുഴിയും നിറഞതായിരുന്ന

ഞങ്ങളുടെ വണ്ടിഓടിച്ചിരുന്ന ഡ്രൈവറെ സമ്മദിക്കണംട്ടോ എത്ര വിദഗ്‌ദമായാണ്‌ അയാള്‍ വണ്ടിഓടിക്കുന്നതെന്നോ.അങ്ങനെ ഒരു ഹെയര്‍പിന്‍ വളവ്‌ കയറി തിരിരിഞുവരുമ്പോളതാ പെട്ടന്ന്‌ മുന്നില്‍ ഒരു ആന ഞങ്ങള്‍ വരുന്നവഴിയില്‍ താഴോട്ട്‌ ഇറങ്ങിവരുന്നു. ഞങ്ങള്‍മൂന്ന്‌പേരും ആകെ പേടിച്ചു.ഇടുങ്ങിയ റോഡും ഒരു വശത്ത്‌ താഴ്‌ച്ചയും ഹെയര്‍പിന്‍ വളവും. ഇനിയെന്തുചെയ്യും എന്ന്‌ ചിന്തിക്കാന്‍ നേരമില്ല.അവന്‍കുഴപ്പമൊന്നും കാണിക്കാതെ കടന്ന്‌ പോയ്‌ക്കോട്ടെ എന്ന്‌ ഞങ്ങള്‍തീരുമാനിച്ചു.അങ്ങനെ വണ്ടി പരമാവഡി ഒതുക്കിക്കോടുത്തു. അവന്‍പോകുമ്പോള്‍ ഞങ്ങളെയും വണ്ടിയെയും തകര്‍ക്കുമോന്ന്‌ ഞന്‍ ഭയന്നു പക്ഷെ അവന്‍ ഞങ്ങളെയും ഞങ്ങളുടെ വണ്ടിയെയും ഒന്നും മൈന്റ്‌ ചെയ്‌തില്ല.കുണ്ടും കുഴിയും നിറഞ ഹെയര്‍പിന്‍ വളവിലൂടെ കൂളായി കടന്ന്‌ പോയി.നമ്മുടെ കേരളാ ഗവണ്‍മെന്റിന്റെ ആനവണ്ടിയല്ലെ(കെ.എസ്‌.ആര്‍.ടി.സി) കുണ്ടും കുഴിയുമൊന്നും അവര്‍നോക്കില്ല കേടുവന്നാല്‍ അവിടെ ഇട്ടിട്ട്‌ അവര്‍പോകും

ഞങ്ങള്‍ കുറച്ച്‌കൂടിപോയപ്പോള്‍ കക്കാടംപോയ്‌ലെന്ന സ്‌ത്ഥലതെത്തി.പ്രകൃതി മരപന്തലിട്ടപോലെ സുന്ദരമായ സ്ഥലം. ഞങ്ങള്‍ കക്കാടംപൊയ്‌ലെത്തിയപ്പേള്‍ നരം നാലുമണിയായിരുന്നു.കാട്ടിനുള്ളില്‍ന്നും വരുന്ന തണുത്തമലവെള്ളത്തില്‍ കുളിക്കാനു വസ്‌ത്രങ്ങളുമായായിരുന്നു ഞങ്ങള്‍പോയത്‌. ഡ്രസ്സുമായുള്ള ഞങ്ങളുടെ വരവ്‌കണ്ടപ്പോള്‍തന്നെ വനപാലകര്‍ക്ക്‌ മനസ്സിലായി ഞങ്ങളവിടെ കുളിച്ചലമ്പാക്കാനാണ്‌പരിപാടി എന്ന്‌ .ആദ്യംതന്നെ അവര്‍പറഞ്ഞു “വെള്ളത്തിന്റെ കുത്തൊഴുക്ക്‌ കൂടുതലാണ്‌ അത്‌ കൊണ്ട്‌ വെള്ളത്തിറങ്ങരുത്‌”. തലയാട്ടി സമ്മദിച്ച്‌ വെള്ളച്ചാട്ടത്തിലേക്ക്‌ നടന്നുപോകുമ്പോള്‍ ഞാന്‍ മനസ്സില്‍പറഞു “കുന്നും മലയും കയറിയിറങ്ങി ഇത്രയും ദൂരം താണ്ടി ഞങ്ങളിവിടെ വന്നുഎങ്കില്‍ ഞങ്ങള്‍കുളിച്ചിരിക്കും” . മനോഹരമായ വനപാതയിലൂടെ കുറച്ച്‌ നടന്നാല്‍ വെള്ളച്ചാട്ടത്തിനടുത്തെത്താം. നാലുമണിയായത്‌ കൊണ്ടാവാം ആരെയും കാണുന്നുല്ല അവിടേക്ക്‌ ഞങ്ങള്‍മാത്രമാണ്‌ പോകുന്നത്‌. അതാവെള്ളച്ചാട്ടത്തിന്റെ ശബിദം കേക്കുന്നു .മനോഹരമായ വനപാത ഞങ്ങളെകൊണ്ടെത്തിച്ചത്‌ തെളിഞ്ഞ ആകാശത്തില്‍ ഒരു വലിയപാറക്ക്‌ മുകളിലൂടെ വളഞ്ഞ്‌ തിരിഞ്ഞ്‌ പാറയില്‍ തട്ടി ചിതറി ഉറക്കെ ശബ്‌ദമുണ്ടാകി താഴെക്ക്‌ വീഴുന്ന മനോഹരമായ വെള്ളച്ചാട്ടം. ചുറ്റിലും കാട്‌ കാട്ടിനുള്ളിലാണിവെളളച്ചാട്ടം.മഴക്കാലമായതിനാല്‍ പാറയില്‍നല്ലവഴുക്കലുണ്ട്‌.വെള്ളത്തിന്റെ ഒഴുക്കിന്‌ നല്ലശക്തിയുമുണ്ട്‌.അതുകൊണ്ടാണ്‌ വനപാലകര്‍ വെള്ളത്തിലേക്കിറങ്ങണ്ടാ എന്ന്‌പറഞ്ഞെതെന്ന്‌ മനസ്സിലായി. കാലൊന്ന്‌ വഴുതി വെള്ളത്തിലേക്ക്‌ വിണാല്‍ പിന്നെ മരണം ഉറപ്പാണ്‌.എന്തായാലും ആവെള്ളത്തിലൊന്ന്‌ മുഖം കഴുകാന്‍ തീരുമാനിച്ചു. അങ്ങനെ ഒഴുക്കില്ലാത്ത ഒരുസ്ഥലത്ത്‌ വനപാലകര്‍കണ്ടാലും വേണ്ടില്ലാന്ന്‌ പറഞ്ഞു പാറക്ക്‌മുകളിലൂടെ ചാടക്കടന്ന്‌ ഞങ്ങള്‍ വെള്ളത്തിലിറങ്ങാന്‍തീരുമാനിച്ചു. കാട്ടിനുള്ളില്‍ നിന്നും വരുന്ന ഔഷധഗുണമുണ്ടെന്ന്‌ പറയുന്ന ആ വെള്ളത്തില്‍കുറച്ച്‌ നേരം നീരാടി കഴിഞ്ഞതിന്‌ശേഷം ഞങ്ങള്‍മടങ്ങാന്‍തീരുമാനിച്ചു.കക്കാടം പൊയ്‌ലില്‍ന്നും മലയിറങ്ങി വരുന്നസമയത്ത്‌ ഞങ്ങള്‍ സംസാരിച്ചിരുന്നത്‌ ആ വെള്ളച്ചാട്ടതിനെകുറിച്ചും അവിടെത്തെ സ്ഥലങ്ങളെകുറിച്ചുമായിരുന്നു.ഇത്രയും മനോഹരമായ സത്ഥലങ്ങള്‍ നമ്മുടെ മലപ്പുറത്ത്‌ തന്നെയുണ്ട്‌ .പലരും അതൊക്കെ കാണാതെ പോകുന്നു. നമുക്ക്‌ കിട്ടുന്ന ഒഴിവുസമയങ്ങളില്‍ കുറച്ച്‌ സമയം നമുക്കുചുറ്റുമുള്ള ദൈവത്തിന്റെ അത്ഭുത സൃഷ്‌ടികള്‍ അവക്കൊരു കോട്ടവും വരുത്താതെ കാണാനും ആസ്വദിക്കാനും സമയം കണ്ടെത്തുന്നത്‌ ജീവിധയാത്രയിലെ അപൂര്‍വം ചില കളങ്കമില്ലാത്ത അനുഭൂതികളായിമാറും……..











2016 ജൂലൈ 5, ചൊവ്വാഴ്ച

മാരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്ക്‌ റോയല്‍ എന്‍ഫീല്‍ഡില്‍ ഒരു റൈഡ്‌(12-10-2016)

മഴക്കാല യാത്ര ആസ്വദിക്കണമെങ്കില്‍ മാരോട്ടിച്ചാലിലേക്ക്‌ തന്നെ പോകണം.എറണാകുളത്തുള്ള എന്റെ സുഹൃത്ത്‌ മധു സാറിന്റെ യാത്രാ ബ്ലോഗില്‍ നിന്നാണ്‌ ഞാന്‍ മാരോട്ടിച്ചാലിനെ കുറിച്ചറിയുന്നത്‌. മാരോട്ടിച്ചാലിനെ കുറിച്ചറിഞ്ഞപ്പോള്‍ നമ്മുടെ അടുത്ത ജില്ലയായ എകദേശം 50 കിലോമീറ്റര്‍ മാത്രം ദൂരമുള്ള തൃശൂരിലാണ്‌ കാട്ടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പുറം ലോകം അിറയാത്ത ഈ മനോഹരമായ വെള്ളച്ചാട്ടം ഉള്ളത്‌ എന്നറിയാന്‍ കഴിഞ്ഞു.എന്നാല്‍ പിന്നെ ഒന്ന്‌ പോകണം എന്ന്‌ തീരുമാനിച്ചിട്ട്‌ കുറെ ആയി . അവസാനം ഈ മഴക്കാലത്ത്‌ ഞാനും ഫൈസലും പിന്നെ ഞങ്ങളുടെ സഹയാത്രികനായ റോയല്‍ എന്‍ഫീല്‍ഡ്‌ ക്ലാസിക്‌ 350 ബുള്ളുമോനും കൂടി ഞായറാഴ്‌ച്ച രാവിലെ യാത്ര തുടങ്ങി.തൃശൂര്‍ എടപ്പാള്‍ ഹൈവെയിലൂടെ ഞങ്ങളെ രണ്ടുപേരേയും താങ്ങി ബുള്ളുമോന്‍ കുതിച്ച്‌ പാഞ്ഞു.ജൂണ്‍മാസത്തിലെ രാവിലെത്തെ തണുപ്പും ചാറ്റല്‍ മഴയും യാത്രയില്‍ ഞങ്ങള്‍ക്ക്‌ ഹരം പകര്‍ന്നു. നോമ്പകാലമായതിനാല്‍ യാത്രയില്‍ ഭക്ഷണം കഴിക്കാനൊന്നും വണ്ടി നിര്‍ത്തേണ്ടി വന്നില്ല. പക്ഷേ യാത്ര പകുതിയോളം കഴിഞ്ഞപ്പോത്തിള്‍ ഞങ്ങളുടെ സഹയാത്രികന്‌ നോമ്പ്‌ മുറിക്കേണ്ടി വന്നു. “എനിക്കിനി വയ്യ നിങ്ങളെയും താങ്ങികൊണ്ട്‌പോകാന്‍.” പെരുമ്പാവൂരിലെത്തിയപ്പോള്‍ ബുള്ളുമോന്‍ കിതക്കാന്‍തുടങ്ങി . “ഉം ശെരിയാണ്‌ ഇവനിന്നലെ അത്താഴത്തിന്‌ ഒന്നും കൊടുത്തിട്ടില്ല മിനിഞ്ഞാന്ന്‌ ഒഫീസ്‌ കഴിഞ്ഞ്‌ വരുമ്പോള്‍ 150 രൂപക്ക്‌ ഫുഡ്‌ വാങ്ങികൊടുത്തതാണ്‌ പാവം വിശക്കുന്നുണ്ടാവും.” അങ്ങനെ തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ നിന്നും ബുള്ളുമോന്‌ വയറുനിറയെ ഫുഡും വാങ്ങികൊടുത്തു ഞങ്ങള്‍ യാത്ര തുടങ്ങി. തൃശൂരില്‍ നിന്നും 16 കിലോമീറ്ററുംകൂടി പോകണം മാരോട്ടിച്ചാലിലേക്ക്‌. 10 മണിയോടെ മാരോട്ടിച്ചാലിലെത്തി.
മാരോട്ടിച്ചാലെന്നാല്‍ തൃശൂര്‍ ജില്ലയിലെ പീച്ചി കാടുകളുടെ അതിര്‍ത്തിയിലുള്ള ഒരു മലയോരഗ്രാമമാണ്‌. വെള്ളച്ചാട്ടം പക്ഷേ കാട്ടിനുള്ളിലാണ്‌ പീച്ചി ഫോറസ്റ്റിന്റെ കീഴിലുള്ളതാണ്‌.മാരോട്ടിച്ചാല്‍ വരെ മാത്രമേ വാഹനങ്ങള്‍ പോകു. അവിടെ ബൈക്ക്‌ നിറുത്തി വനവകുപ്പിന്റെ അനുമതിയില്ലാതെയാണ്‌ കാട്ടിനുള്ളിലേക്ക്‌ പോകുന്നത്‌. വെള്ളച്ചാട്ടം കാണാന്‍ കാട്ടിലൂടെ നാലു കിലോമീറ്റര്‍ നടക്കണം .നടക്കാനായി പ്രത്യേകം വഴിയൊന്നുമില്ല.വല്ലപ്പോഴും ഞങ്ങളെപ്പോലെയുള്ള യാത്രാ ഭാന്തന്‍മാര്‍ നടന്ന്‌ പോയതിന്റെ അടയാളം മാത്രം ചിലയിടത്ത്‌ ഒരു അടയാളവും കാണില്ല. കാട്ടിലൂടെ ഞങ്ങള്‍ രണ്ട്‌ പേരുംകൂടി നടത്തം തുടങ്ങി .ഒരു വശത്ത്‌ തിങ്ങിനിറഞ്ഞ്‌ നില്‍ക്കുന്ന കാടുകള്‍ മറുവശത്ത്‌ വെള്ളച്ചാട്ടത്തില്‍നിന്നും ഒലിച്ച്‌വരുന്ന കാട്ടുചോലപോലെ 
 .
കുറ്റിക്കാടുകള്‍ക്കിടയിലുടെയാണ്‌ നടത്തം കൂറെചെന്നപ്പോള്‍ വഴികാണുന്നില്ല മുന്നില്‍ ആനപോലെ ഒരു വലിയപാറ. മഴപെയ്‌ത്‌ നല്ല വഴുക്കലുമുണ്ട്‌ .എന്തായാലും ഞങ്ങളുടെ മുന്നില്‍ കുറച്ച്‌ ഫ്രീക്കന്‍മാര്‍ കഴിക്കാനുള്ള ഭക്ഷണവും കൊണ്ട്‌ പോയവഴിനോക്കി ഞങ്ങള്‍ ആ വലിയ പാറക്ക്‌ മുകളില്‍ കയറി അവിടെ അവര്‍ മുന്നില്‍ പോകുന്നുണ്ടായിരുന്നു.
വലിയ കല്ലുകളും അരുവികളും എല്ലാം ചാടിക്കടന്നുഞങ്ങള്‍ രണ്ട്‌ കിലോമീറ്ററോളം ഉയരത്തിലെത്തി ചിലയിടത്ത്‌ മരങ്ങള്‍ മുറിഞ്ഞുവിണുകീടക്കുന്നതിന്റെ മുകളിലൂടെ ചാടിക്കടന്ന്‌ വേണം പോകാന്‍ “ ഹൊ വല്ലാത്തോരു യാത്ര .” എന്നാലും കാട്ടീലൂടെയുള്ള ആ യാത്ര ശെരിക്കും ഞങ്ങളെ ത്രില്ലടിപ്പിച്ചിരുന്നു. അങ്ങനെ കാഴ്‌ച്ചകള്‍ കണ്ട്‌ നടന്ന്‌ നടന്ന്‌ കൂറെ മുകളിലെത്തി . അവിടെ ഞങ്ങള്‍ക്ക്‌ മുമ്പേ പോയ തൃശുരിലെ കുറച്ച്‌ സുഹൃത്തുക്കള്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവിടെ കുറച്ച്‌ നേരം ഇരുന്നു. അപ്പോഴാണ്‌ ഒരുകാര്യം എനിക്ക്‌ മനസ്സിലായത്‌ ഇവിടേക്ക്‌ വരുന്നവരെല്ലാം കഴിക്കാനുള്ള ഭക്ഷണവും കരുതിയാണ്‌ വരുന്നത്‌ .പക്ഷേ ഞങ്ങള്‍ക്ക്‌ ഭക്ഷണം കൊണ്ട്‌ പോകാന്‍ കഴിയില്ല .കാരണം ഞങ്ങള്‍ക്ക്‌ നോമ്പുണ്ടായിരുന്നു.അത്‌ കൊണ്ട്‌ തന്നെ നല്ല ക്ഷീണവും ഉണ്ടായിരുന്നു.

വിശ്രമിക്കുന്നതിനിടയില്‍ ഞങ്ങള്‍ അവരെ പരിജയപെട്ടു അവരില്‍ ഒരാള്‍ ഇതിനു മുമ്പും വെള്ളച്ചാട്ടം കാണാന്‍ ഈ കാട്ടിലൂടെ പോയിട്ടുണ്ടെത്രെ ഞങ്ങള്‍ അവരോട്‌ അവിടുത്തെ മുഴുവന്‍ കാര്യങ്ങളും ചോദിച്ചറിഞു. പോകുന്ന വഴിയില്‍ സ്‌ത്ഥിരമായി ആന ഇറങ്ങാറുള്ള വഴിയാണെത്രെ. ഞങ്ങളെ വിശ്രമിക്കുന്ന സത്ഥലത്ത്‌ ആനമൂത്രം മണക്കുന്നുണ്ടന്നും അവര്‍ പറഞ്ഞു.ആനകള്‍ സ്‌ത്ഥിരമായി വെള്ളച്ചാട്ടത്തില്‍ നിന്നും വരുന്ന ചോലയില്‍ വെള്ളം കുടിക്കാന്‍ വരവുണ്ടത്രെ.പുറം ലോകം അതികം ആരും അിറയാത്ത്‌ ഈ സ്‌ത്ഥലത്തെ പറ്റി എങ്ങനെ അിറഞ്ഞു എന്നവര്‍ ചോദിച്ചു.
അങ്ങനെ കാട്ടിനുള്ളിലെ തണുത്ത കാലാവസ്‌ത്ഥയില്‍ ഞങ്ങള്‍ രണ്ടുപേരും മറ്റു സുഹൃത്തുക്കളും കൂടി കുറച്ച്‌ നേരം കഴിഞു. ഈ കാട്ടില്‍ മനോഹരങ്ങളായ അഞ്ച്‌ വെള്ളച്ചാട്ടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന്‌ അവര്‍ പറഞു നമുക്ക്‌ പോകുന്ന വഴിയില്‍ അതെല്ലാം കാണാന്‍ കഴിയും എന്നവര്‍ പറഞ്ഞു .എകദേശം രണ്ടര കിലോമീറ്റര്‍ നടന്ന്‌ കഴിഞിട്ടുണ്ടാകും അപ്പോള്‍ . ഇനിയും കാട്ടിലൂടെ ഉള്‍ക്കാട്ടിലേക്ക്‌ ഇത്രകൂടി നടക്കേണ്ടിവരും എന്നവര്‍ പറഞപ്പോള്‍ ഞങ്ങളൊന്ന്‌ ഭയന്നു. മറ്റൊന്നും കൊണ്ടല്ല്‌ നോമ്പായതിനാല്‍ നല്ല യാത്രാക്ഷീണം ഉണ്ട്‌ . ഇനിയും ഈ കാട്ടിലൂടെ അതും ആനയും മറ്റും ഉണ്ടാവാന്‍ സാദ്ധ്യതയുള്ള ഉള്‍ക്കാട്ടിലേക്ക്‌ ഈ പാറകെട്ടുകള്‍ക്ക്‌ മുകളിലുടെ തെന്നി തെന്നി ഇനി നടക്കാന്‍ സാദ്ധമല്ലന്ന്‌ ഞങ്ങള്‍ പറഞു. ഇത്രയും ദൂരത്ത്‌നിന്ന്‌ വന്നിട്ട്‌ മുകളിലെ വെള്ളച്ചാട്ടം കാണാതെ പോകുന്നത്‌ നഷ്‌ടമാണന്നവര്‍ പറഞു.അവരുടെ കൂടെ ഒരുമിച്ച്‌ ഇനി യാത്രചെയ്യാം എന്നും അവര്‍ പറഞു. ഇനി മുകളിലേക്ക്‌ എത്താന്‍ കഴിഞ്ഞാല്‍ തന്നെ അവിടെയെത്തി വെള്ളച്ചാട്ടവും കണ്ട്‌ വിശ്രമവും കഴിഞ്ഞ്‌ മടങ്ങി നോമ്പ്‌ തുറക്കാനുള്ളസമയമാകുമ്പോഴേക്കും വീട്ടില്‍ എത്തുന്നത്‌ അസാദ്ധ്യമാണെന്ന്‌ ഞങ്ങള്‍ അവരോട്‌ പറഞ്ഞു. എന്നാലു#ം ഇത്രയും ദൂരെനിന്ന്‌ വന്ന്‌ മുകളിലെവെള്ളച്ചാട്ടം കാണാതെ മടങ്ങി പോകുകയെന്ന്‌ പറഞ്ഞപ്പോള്‍ ഞങ്ങളെക്കാളേറെ അവര്‍ക്കാണ്‌ സങ്കടം എന്ന്‌ അവരുടെ സംസാരത്തില്‍നിന്ന്‌ എനിക്ക്‌തോന്നി . “ഞങ്ങള്‍ മടങ്ങിപോകുകയല്ല…..ഇപ്പോള്‍ തല്‍ക്കാലം പോകേണ്ടിവരുന്നു എന്ന്‌ മാത്രം”..തീര്‍ച്ചയായും ഞങ്ങള്‍ ഈ നോമ്പ്‌ മാസം കഴിഞ്ഞാല്‍ മടങ്ങിവരും കാട്ടിനുള്ളിലെ ആ സുന്ദരിയെ കാണാന്‍….. ഇത്രയും പറഞപ്പോളാണ്‌ തൃശൂര്‍ സ്വദേശികളായ ആ സുഹൃത്തുക്കള്‍ക്ക്‌ സന്തോഷമായത്‌. യതാര്‍തത്തില്‍ അവരെ സമാധാനിപ്പിക്കാന്‍വേണ്ടി മാത്രമല്ല ഞാനത്‌ പറഞത്‌ രാജമാണിക്യം സിനിമയില്‍ മമ്മുട്ടി പറഞ്ഞപോലെ “ഒരു വരവുകൂടി വരേണ്ടിവരും.” തീര്‍ച്ചയായും ഈ മഴക്കാലം കഴിയുന്നതിന്‌ മുമ്പ്‌ പ്രകൃതിയുടെ ഈ കാനനഭംഗി മതിയാവോളം ആസ്വതിക്കാന്‍ ഒരു വരവുകൂടി ഞങ്ങള്‍ വരും എന്ന്‌ അടിവരയിട്ട്‌ തീരുമാനിച്ചിട്ടാണ്‌ ഞങ്ങള്‍ അവിടെനിന്നും മടങ്ങിയത്‌.